കച്ചവടം
-----------
പുസ്തകജീവിതത്തിൻ ഏടോന്നുകീറി;
പുറംലോകം കാണുവാനെത്തിയ ശലഭം.
ഹൃദിസ്ഥമാക്കി പ്രബന്ധങ്ങൾ, വ്യാഖ്യാനങ്ങൾ;
ഹൃദയമൊരുക്കി പുതുലോകം പുൽകുവാൻ.
പണം, പണമിടപാടുകൾ, കച്ചവടം;
പഠിച്ചതൊക്കെയും പ്രാവർത്തികമാക്കുവാൻ.
അൻപതുപൈസയ്ക്കു ലഭിക്കുമുണ്ണിയ്ക്ക്
മധുരം നുണയാനായി മിഠായി.
പത്തിനു കിട്ടും വലിച്ചു പുകയാകുവാൻ,
അൻപതിനു വിശപ്പിനു ശമനം തട്ടുകടയിൽ.
നൂറിനു ചാരായം നാട്ടിൻ പുറത്ത്;
ആയിരത്തിനു മുന്തിയ കിറുങ്ങൽ പട്ടണത്തിൽ .
കണ്ടു വമ്പൻ കമ്പോളങ്ങൾ, ചരക്കുകൾ;
കൊടുത്ത കാശിനു മാറ്റപ്പെടും ഉടമസ്ഥം.
ഗാന്ധിയെ നൽകും കറൻസി കടലാസിൽ
നേടാനാകും സർവ്വം സുനിശ്ചയം.
കണ്ടു എങ്ങും കമ്പോളങ്ങൾ, ചരക്കുകൾ ;
കൊടുത്ത കാശിനു കൃത്രിമ ഉടമസ്ഥം.
ലഭ്യമിന്ന്; അധികാര പത്രങ്ങൾ, സാക്ഷികൾ ;
ഇല്ലാത്ത മികവ് നൽകും സർട്ടിഫിക്കറ്റുകൾ.
നേടാത്ത യോഗ്യതകൾ, പദവികൾ;
പണിയാതെ തേടിയെത്തിയ പണപൊതികൾ,
അനങ്ങാതെ നേടിയ ഉടവസ്ഥാവകാശങ്ങൾ.
മൂന്നാമനറിയാതെ; അറിയുന്ന ഗാന്ധിമാത്രം.
ജീവൻ വയ്ക്കുന്നിതാ പിണം റിപ്പോർട്ടുകളിൽ;
മികവിൽ ശൂന്യരിന്നിതാ നേടുന്നു ഉദ്യോഗം.
പൂട്ടേണ്ട കടകളിന്ന് ശോഭിതം ദിനരാത്രം,
പുസ്തകമറിയാത്തവനിന്ന് നേടും റാങ്കുകൾ .
കിട്ടുമിന്ന് പത്തരമാറ്റിൻ നാട്യസ്നേഹം;
കിട്ടുമിന്ന് പങ്കാളിയെ ലേലം വിളിച്ച് .
പെണ്ണിൽ മാറ്റ് നിർണ്ണയിക്കപ്പെടുന്നിപ്പോഴിതാ ;
പൊന്നിൽ ആഢ്യത്തിൽ ;പണക്കെട്ടിൻ കനത്തിൽ .
അവളുടെ ഭാവി നിർണ്ണയിക്കപ്പെടുന്നിപ്പോഴിതാ ;
അവളെയിന്നലെ കണ്ടു ബോധിച്ചവരാൽ .
നിനക്കു പറക്കാം; ഞാനൊരുക്കിയ മുറിയിൽ ;
ഞാൻ പറയും , നീയതനുസരിക്കും.
അറിഞ്ഞതില്ലിവൾ കാലം കരുതിയ കുരുക്ക്,
ആരാരും ചൊല്ലിയില്ലിത് ഇരുണ്ട ഗാന്ധി ചിത്രം .
അറിഞ്ഞതൊന്നു മാത്രം; നേടുവാൻ കൊതിച്ചതും;
കാലാവധിത്തീർന്നു പഴകിയ നിർമലസ്നേഹം.
പണം ദ്രവിപ്പിച്ച ബന്ധങ്ങൾ ബന്ധനങ്ങളായി-
കേഴുന്നീ പൈങ്കിളി ദാഹനീരിനായ്...