ഹൃദയതാമര | Shriya Sreenivas

യാമിനി തന്റെയീ യാമ-

ങ്ങളെണ്ണിയീ നീരൊഴുക്കിൽ,

കുടികൊൾവതാരെ?

മോഹനിദ്രാജലാശയ-

ത്തിലായ് ഇരുൾചേല-

ച്ചുറ്റി, പ്രിയസൂര്യനെ

തേടുന്നി കന്യയാരെ?

ജലധി തൻ പുത്രിയിവൾ,

ലക്ഷ്മി തൻ സ്ഥാനമിവൾ,

അഴകുറ്റ മലരാംഗി പൊൽതാമര!

ആലസ്യഭാരത്താൽ മിഴിപൂട്ടി,

നിശ്ചലം നിദ്രയിലാഴ്ന്ന,

വാനവനെ നീ കേൾപ്പതില്ലേ

പിഞ്ചിളം താമരപ്പൂവിൻ ഹൃദയ താളം.

ജന്മങ്ങൾ തൻ ശാപമേറി

തളർന്നു പോയ്‌,

താമരയായി പിറന്നുപോയി.

ആകാശവീഥിയിൽ വെള്ളി-

കലശമൊഴുകി തുടങ്ങവെ,

കളകൂജനങ്ങളും ഉതിരവേ,

സ്പടികാശ്വങ്ങളെ പൂട്ടി നിൻ,

തേരിന്റെ ശബ്ദമറിയവെ,

വിടർന്നു തുടുത്തു ഈ

ചെന്താമര..

ഒരു നിമിഷം നിൻ

നേത്രധനുസ്സിനാൽ പ്രേമ -

ബാണങ്ങളെയ്യൂ ജീവസൂര്യാ!

ജന്മങ്ങൾ പലതും ഇവൾ

നിന്നെ കാമിച്ചു,

നീയറിഞ്ഞില്ല!

ഇന്നുമിവൾ ഈ ജലാശയ-

മെത്തയിൽ നിന്നെയും കാത്തു

കാത്തിരിപ്പൂ..

രഥമേറെ അകലുന്നു, അവനോ

അകലുന്നു,

ദലങ്ങളിൽ ജീവന്റെ

ബിന്ദുവും പോകുന്നു.

ഊമയാം പെൺകൊടി,

മെല്ലെകരഞ്ഞുകൊണ്ടാ -

ഴ്ന്നുപോകും ആദിത്യനെ കണ്ടു.

സായന്തനമെത്തി,

അവളോ നിത്യനിദ്ര -

പുല്കാനായി നദിഗർഭ-

പാത്രത്തിലേക്കാഴ്ന്നു പോയി.

ഒന്നായി കൂമ്പിയടയും മുൻപ്,

പിന്നെയും പാവമീപെൺകൊടി

കാത്തു നിന്നു...

ഇല്ല.. ഇല്ല, സൂര്യനറിയില്ല

പൊന്നെ!!!!

നിന്റെ പ്രണയം,

നിന്റെ ശാപമാണ്...

ശാപമോക്ഷത്തിനായ്

വീണ്ടും ജനിക്ക..!

താമരയായി നീ വീണ്ടും

ജനിക്ക!

അനുസ്യൂതമീ പുനർജനിവ്യൂഹ-

ത്തിനുള്ളിൽ

വഴി തേടി അലയുക...!